പണ്ട് മുതൽക്കേ ഇസ്ലാമിൽ അറിവ് നേടാൻ പോകുന്നവർക്കിടയിലുള്ള ഒരു ചര്യയാണ് തന്റെ ഷെയ്ഖിൽ നിന്നും പഠനം തുടങ്ങുമ്പോൾ ആദ്യമായി അദ്ദേഹത്തിൽ നിന്നും “ഹദീഥുർറഹ്മ” കേൾക്കുക എന്നുള്ളത്.
എന്താണ് “ഹദീഥുർറഹ്മ”?
(الراحمون يرحمهم الرحمن، ارحمو من في الأرض يرحمكم من في السماء)
“കരുണ കാണിക്കുന്നവരോട് കാരുണ്യവാരിധിയായ റഹ്മാൻ (അല്ലാഹു) കരുണ കാണിക്കുന്നതാണ്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ പ്രവർത്തിക്കുന്ന പക്ഷം ആകാശലോകത്തുള്ളവൻ (അല്ലാഹു) നിങ്ങളോട് കരുണ പ്രവർത്തിക്കുന്നതാണ്.”
അബ്ദുല്ലാഹ് ബ്നു അംറ് ഇബ്നുൽ ആസ്വ (رضي الله عنهما) നബി (صلى الله عليه و سلم)യിൽ നിന്നും ഉദ്ധരിക്കുന്ന ഹദീഥ് ആണിത്. (ഇമാം അഹ്മദ്, തിർമിധി എന്നിവർ ശേഖരിച്ചത്, തിർമിധി അത് ‘ഹസൻ സഹീഹ്’ എന്നും വിധിച്ചിട്ടുണ്ട്).
ഈ ഹദീഥ് ‘ഹദീഥുൽ മുസൽസൽ ബിൽ അവ്വലിയ്യ’ എന്ന് പിന്നീട് അറിയപ്പെട്ടു. എന്തെന്നാൽ ഇത് കേൾക്കുന്ന വിദ്യാർത്ഥി, “ഇത് ഞാൻ എന്റെ ഷെയ്ഖിൽ നിന്നും ആദ്യമായി കേട്ട ഹദീഥാണ്” എന്ന് പറയുന്നു, അത് പോലെ ആ ഷെയ്ഖ് അദ്ധേഹത്തിന്റെ ഷെയ്ഖിൽ നിന്നും ആദ്യമായി കേട്ട ഹദീഥായിരിക്കും അത്. അങ്ങിനെയങ്ങിനെ ആ പരമ്പര ഇമാം ഇബ്നു ഉയൈയ്ന (107-198ഹി) വരേക്കും.
ഹദീഥ് പണ്ഡിതന്മാർ പറഞ്ഞതായി കാണാം, “ഇതിന്റെ കാരണം എന്തെന്നാൽ ഈ അറിവ് അത് കാരുണ്യത്തിന്മേൽ നിർമ്മിതമാണ്, അധ്യാപകന് തന്റെ ശിഷ്യനോടുള്ള കാരുണ്യത്തിൽ അത് തുടങ്ങുന്നു എന്നത് പോലെ അതിന്റെ പരിണിത ഫലം ഈ ദുനിയാവിലുള്ള കാരുണ്യമാണ്. അതിന്റെ ലക്ഷ്യമാകട്ടെ പരലോകത്ത് കാരുണ്യം ലഭിക്കുക എന്നതുമാകുന്നു.”
റഹ്മാനും റഹീമുമായ നമ്മുടെ റബ്ബ് നമുക്കേവർക്കും കരുണ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.