ഇൽമിൽ ബറകത് ലഭിക്കുവാൻ…

ഗ്രന്ഥകർത്താവ് പറയുന്നു, ഇൽമിൻ്റെ ബറകത്തിൽ നിന്നുള്ളതാണ് അതിനെ അതിൻ്റെ വക്താവിലേക്കു ചേർത്ത് പറയുക എന്നുള്ളത്”.

(ഇമാം ഇബ്നു അബ്ദിൽ ബർ(رحمه الله)-ൻ്റെ ‘ജാമിഅ ബയാൻ അൽ-ഇൽമ്’, ഇമാം നവവി(رحمه الله)യുടെ ‘ബുസ്താനുൽ ആരിഫീൻ’)

ഇതൊരു മഹത്തായ പ്രസ്താവനയാണ്.

‘ബറകത്’ എന്നാൽ നന്മയുടെ ആധിക്യവും അതിൻ്റെ നിലനിൽപ്പും നിരന്തരതയുമാണ്. ഇൽമിൻ്റെ ബറകത് അഥവാ അറിവ് ബറകത്തുള്ളതായി തീരുവാൻ ചില കാര്യകാരണങ്ങൾ ഉള്ളതായി അഹ്ലുൽ ഇൽമ് പറഞ്ഞിട്ടുണ്ട്.

1) അല്ലാഹുവിനോടുള്ള യഥാർത്ഥമായ ഭയം – സലഫുകളിൽ പെട്ട ചിലർ പറയുമായിരുന്നു, അല്ലാഹുവിനെ ഒരുവൻ യഥാർത്ഥത്തിൽ ഭയക്കുന്നുവെങ്കിൽ അത് തന്നെ അവന്നു മതിയാകുന്നൊരു അറിവാണ്.” യഹ്‌യ ഇബ്നു അബീ കഥീർ (رحمه الله) പറഞ്ഞു, ഒരു ആലിം എന്നാൽ അല്ലാഹുവിനെ യഥാർത്ഥത്തിൽ ഭയക്കുന്നവനാകുന്നു.” [1] ആരെങ്കിലും അവരുടെ അറിവുകളിൽ ബറകത് നൽകപ്പെട്ടവരായിട്ടുണ്ടെങ്കിൽ അവരിലെല്ലാം ഈയൊരു കാര്യം കാണാവുന്നതാണ്, ഇനിയവരുടെ അറിവ് കുറഞ്ഞ അളവിലുള്ളതെങ്കിലും.

2) ഇൽമിനനുസരിച്ചുള്ള പ്രവൃത്തി – ഇല്മിനനുസരിച്ചുള്ള പ്രവൃത്തി നിലനിൽക്കുന്നതിനാൽ അല്ലാഹു ഒരുവൻ്റെ ഇൽമിൽ ബറകത് നൽകുന്നു. അതിനാലാണ് അലി (رضي الله عنه)-വും, സലഫുകളിൽ പെട്ട മറ്റു ചിലരും പറഞ്ഞിരുന്നത്,

العلم يهتف بالعمل فإن أجابه وإلا ارتحل

“ഇൽമ് അമലിനോട് നിലവിളിക്കുന്നു, ഉത്തരം ലഭിക്കാത്ത പക്ഷം അത് വിട്ട് പോകുന്നതാണ്.”[2] അതിനാൽ ഇൽമിൻ്റെ ബറകത് പ്രവർത്തിയിലാണ്. പ്രവർത്തിയില്ലാത്ത പക്ഷം ഇൽമു നഷ്ടപ്പെടുന്നതാണ്.

3) ഒരുവന് നല്കപ്പെട്ടതിൽ അവൻ പിശുക്കു കാണിക്കാതിരിക്കുക – അതവന് ഇൽമിൽ ബറകത് ലഭിക്കുവാൻ കാരണമായേക്കാം. ഇബ്‌നുൽ മുബാറക് (رحمه الله) പറഞ്ഞു, ആരാണോ ഹദീഥിനെ തൊട്ട് പിശുക്ക് കാണിക്കുന്നത് അവൻ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനാൽ പരീക്ഷിക്കപ്പെടുന്നതാണ്. ഒന്നുകിൽ അവൻ മരണപെട്ട് അവൻ്റെ ഇൽമു നഷ്ടപ്പെടുകയോ, അല്ലെങ്കിൽ അവൻ മറക്കപ്പെടുത്തിയതിനാൽ മറന്നു പോകുകയോ, അല്ലെങ്കിൽ ദുൻയാവിനാൽ പരീക്ഷിക്കപ്പെട്ട് അതിലേക്ക് തിരിഞ്ഞു പോകുകയോ ചെയ്യുന്നതാണ്.”[3] അതിനാൽ നിനക്ക് നിൻ്റെ ഇൽമിൽ ബറകത് ലഭിക്കുവാനായി, നീ അത് ചിലവഴിക്കുക, അല്ലാഹുവത് അവൻ്റെ മേന്മയേറിയ ഔദാര്യത്തിൽ നിന്നും നിനക്ക് വർദ്ധിപ്പിച്ചു നൽകുന്നതാണ്.

ഇമാമുൽ ആൽബീരി (رحمه الله) പറഞ്ഞു,

يزيد بكثرة الإنفاق منه * * * وينقص إن به كفا شددتا

സമൃദ്ധമായി നൽകുന്നതിലൂടതധികരിക്കയും

കൈമടക്കിയൊതുക്കിയാൽ ക്ഷയിച്ചിടുകയും

അങ്ങിനെ ഇൽമിനെ സ്വന്തം കൈകളിൽ പിടിച്ചു വെച്ചാൽ അത് കുറയുകയോ നഷ്ടപ്പെടുക തന്നെയോ ചെയ്തേക്കാം. അതിനാൽ തീർച്ചയായുമത് സന്മനസ്സോടെ ഉദാരമായി ചിലവിടുകയോ കൈമാറുകയോ ചെയ്യേണ്ടതാണ്.

4) അഹ്ലുൽ ഇൽമിനോടുള്ള വിനയം – ഒരു വ്യക്തി അവന്നു അവൻ്റെ അറിവിൽ ബറകത് ലഭിക്കുന്ന വരേയ്ക്കും. ഇമാം അഹ്മദ് (رحمه الله) പറഞ്ഞു, നമ്മെ പഠിപ്പിക്കുന്നവർക്കു മുന്നിൽ വിനയം പാലിക്കുവാനായി ഞങ്ങൾ കല്പിക്കപ്പെട്ടിരുന്നു.”[4] മഖ്‌ലദ് ഇബ്നു ഹുസയ്ൻ (رحمه الله) പറയുമായിരുന്നു, നാം ഏറെ ഹദീഥുകൾ എന്നതിനേക്കാളും ഏറെ വിനയത്തിന്നു ആവശ്യമുള്ളവരാകുന്നു”[5]. – അത്തരത്തിൽ അഹ്ലുൽ ഇല്മിന് നേരെയുള്ള തങ്ങളുടെ വിനയത്താലും സദ്സ്വഭാവത്താലും ഹൃദ്യമായ സംസർഗ്ഗത്താലും, ഇൽമിലും അവർ പഠിച്ചതിലും ബറകത് ലഭിച്ചതായ വ്യക്തികളെ നാം കണ്ടിട്ടുണ്ട്. അല്ലാഹു അവർക്കു ഗുണവും മേന്മയും അവരുടെ അറിവിൽ ബറകത്തും നൽകുന്നു. അത് പോലെ തന്നെ ഈ ഗുണങ്ങളുള്ളവരിലേക്ക് നീ നോക്കിയാൽ അവരെല്ലാംതന്നെ അവരുടെ പണ്ഡിതർക്കു മുന്നിൽ വിനയാന്വിതരും സദ്സ്വഭാവികളുമെന്നു നിനക്ക് കാണുവാൻ സാധിക്കും.

5) അത് പോലെ തന്നെയാണ് ഇവിടെ പരാമർശിച്ചിട്ടുള്ള വിഷയവും. ഓരോ കാര്യങ്ങളും അത് പറഞ്ഞവരിലേക്കു ചേർത്ത് പറയുക എന്നുള്ളത്.

എന്ത് കൊണ്ടാണത്? അതിനും പല കാരണങ്ങളുണ്ട്.

1) നിനക്ക് നല്കപ്പെടാത്തതൊന്നു നിനക്കുണ്ടെന്നു തോന്നിപ്പിച്ചേക്കാം എന്ന് ഭയന്നുകൊണ്ട് – അതിനാൽ പണ്ഡിതരിലേക്കു ചേർത്ത് പറയുന്നതിലൂടെ അതിൽ നിനക്ക് രക്ഷ കൈവരുന്നതാണ്.

“قال النبي صلى الله عليه وسلم ‏”‏المتشبع بما لم يعطَ كلابس ثوبي زور‏”

നബി (صلى الله عليه و سلم) പറഞ്ഞു, “തനിക്ക് ലഭിക്കാത്തതൊന്നു തനിക്കുണ്ടെന്ന് ഭാവിക്കുന്നവൻ രണ്ട് വ്യാജവസ്ത്രങ്ങൾ അണിഞ്ഞവനെ പോലെയാണ്”[6]

2) അഹ്ലുൽ ഇൽമിൻ്റെ മൂല്യം തെളിയിക്കുന്നതിന് വേണ്ടി – അവർ ശ്രേഷ്ഠരും നന്മയുള്ളവരും വിജ്ഞാനികളുമായതിനാൽ അവർക്കു വേണ്ടി “തറഹും” ചെയ്യുന്നതിന്(അവർക്കു റഹ്മത്തിനായി തേടുന്നതിന്) – വലിയ അർത്ഥതലങ്ങളുള്ള ഒരു കാര്യമാണിത്. ഇപ്പോൾ നാം നമ്മുടെ ദർസുകളിൽ പഠിക്കുന്നതും മറ്റുമായ കാര്യങ്ങളിൽ അതിനൊരു ചിട്ടയുണ്ടെങ്കിലോ അല്ലാത്ത പക്ഷമോ, അതെല്ലാം തന്നെ മുന്നേ വന്നിട്ടുള്ള അഹ്ലുൽ ഇല്മിനാൽ ഉള്ളതാണ്. അതിനാൽ അല്ലാഹുവിന്റെ വിശാലമായ റഹ്മത് അവർക്കുമേൽ ഉണ്ടായിരിക്കട്ടെ. നാം എന്തെങ്കിലും പ്രയോജനം നേടിയിട്ടുണ്ടെങ്കിൽ അതവരുടെ ഗുണപ്രദമായ അറിവ് അവർ നമ്മെ പഠിപ്പിച്ചതിൽ നിന്നും അല്ലാഹുവിന്റെ ദീനിൽ അവർ നമുക്ക് ധാരണാശക്തി നേടി തന്നതിനാലുമാണ്.

أفادك إنسان بفائدة ***** من العلوم فلازم شكره أبدا

وقل فلان جزاه الله صالحة **** أفادنيها و دعك الكبر والحسدا

നിനക്കൊരു മനുഷ്യൻ അറിവിൽ ഗുണപ്രയോജനമേകിയാൽ

തീർച്ചയായും അവനെന്നും കൃതജ്ഞതയേകണം

അല്ലാഹു അവന്ന് നല്ലൊരു പ്രതിഫലമേകട്ടെയെന്നു ചൊല്ലുക

അതെനിക്ക് പ്രയോജനപ്പെട്ടിരിക്കുന്നു, ഗർവും അസൂയയും നീ കയ്യൊഴിയുക

അഹ്ലുൽ ഇൽമിൻ്റെ മൂല്യവും അവരുടെ ശ്രേഷ്ഠതകളും തിരിച്ചറിയുക. അവരുടെ വാക്കുകളിലേക്കും അവരിൽ നിന്നും ലഭിച്ച ഗുണങ്ങളിലേക്കും വിജ്ഞാനങ്ങളിലേക്കും ഗുണംകൊള്ളുന്നവനായി, നേർവഴി കാണിക്കപ്പെട്ടവനായി, സൂക്ഷ്മദർശിയായിക്കൊണ്ട് നീ മടങ്ങുക.

6) ഇല്മിൽ ബറകത് ലഭിക്കുവാനുള്ള കാരണങ്ങളിൽ മറ്റൊന്നാണ് – അഹ്ലുൽ ഇൽമ് ആയി പരിഗണിക്കപ്പെടുന്നവരുടെ അടുക്കൽ നിന്നും പഠിക്കുക.

ആരാണ് നിന്നെ പഠിപ്പിക്കുന്നത് എന്ന് നീ അന്വേഷിക്കുന്നില്ലെങ്കിൽ ഒരു പക്ഷെ നിനക്കതിൽ ബറകത് ലഭിക്കുകയില്ല. എന്നാൽ നീ നോക്കിയാൽ ദുനിയാവിൻ്റെ വിഭവങ്ങളിലും, സ്വന്തം സുഖസൗകര്യങ്ങളിലും, രാഷ്ട്രീയ കക്ഷിത്വങ്ങളിലും മറ്റും മുഴുകിയവരല്ലാത്ത ദീനിൽ ജാഗ്രതയുള്ളവരായ, റബ്ബാനികളായ പണ്ഡിതരെ നിനക്ക് കാണുവാൻ സാധിക്കും. ഫിത്നകളുടെയും, വിപ്ലവങ്ങളുടെയും, സമരങ്ങളുടെയും, പോരിൻ്റെയും കലാപങ്ങളുടെയും, കൊലപാതകങ്ങളുടെയും മറ്റും ആളുകളല്ലാത്തവർ. അതിനാൽ ഇത്തരം കാര്യങ്ങളിൽ നിന്നും അകന്ന് നിന്ന് കൊണ്ട് നിന്നെ പഠിപ്പിക്കുന്നവരെ നീ തിരഞ്ഞു കണ്ടെത്തുക. ഇത്തരം കാര്യങ്ങളിൽ അടിമുടി മുങ്ങി നിൽക്കുന്നവരുടെയടുക്കലിൽ നിന്നും നിനക്ക് ഇല്മിൽ ബറകത് ലഭിക്കുകയില്ലെന്നു മാത്രമല്ല, കലാപങ്ങൾക്കും, ഫിത്നകൾക്കും, പ്രശ്നങ്ങൾക്കും വേണ്ടി പൊരുതി കക്ഷിത്വ ചിന്താഗതിക്ക് മേൽ ജീവിതമർപ്പിച്ചു അതിന്മേൽ മരണപ്പെടുന്നവനായി തീരും. അവർ പറയും മഹത്തായൊരു അറിവാണിതെന്നു. അതിനാൽ നീ ഇത്തരം കാര്യങ്ങളിലേക്ക് തിരിയാത്ത റബ്ബാനികളായ പണ്ഡിതരെ അന്വേഷിച്ചറിഞ്ഞു കണ്ടെത്തുക. അല്ലാഹുവിൻ്റെ അനുവാദത്താൽ നിനക്ക് നിൻ്റെ ഇല്മിൽ ബറകത് ലഭിച്ചേക്കാം. ഈ മാർഗ്ഗത്തിലൂടെയല്ലാതെ വിദ്യാർത്ഥികളാർക്കും തന്നെ ബറകത് ലഭിചിട്ടില്ല. അല്ലാത്ത പക്ഷം ഇൽമ് ഉടഞ്ഞൊടുങ്ങി, ഉരുകി, ശോഭ കെട്ടു പോകുന്നതാണ്.

ഇൽമിൽ ബറകത് ലഭിക്കുവാനുള്ള ഈ കാര്യകാരണങ്ങൾ വളരെ പ്രാധാന്യമുള്ളവയാണ്. അതിനാൽ ഒരു മുസ്ലിം, പ്രത്യേകിച്ചും ഒരു വിദ്യാർത്ഥി, അല്ലാഹു അവന് നൽകിയതിൽ, ഇനിയത് വളരെ കുറച്ചു തന്നെയെങ്കിലും, ബറകത് ചൊരിയുന്നതിനായി ഇവ സൂക്ഷിച്ചു പാലിക്കേണ്ടതാണ്.

ഇനി ഈയൊരു വചനം വന്നിട്ടുള്ളത് ഇമാം ഇബ്നു അബ്ദിൽ ബർറിന്റെ “ജാമിഅ ബയാനുൽ ഇൽമ്” എന്ന ഗ്രന്ഥത്തിലാണ്. ഇൽമിനെയും അതിൻ്റെ ശ്രേഷ്ഠതകളെയും, മര്യാദകളെയും കുറിച്ച് നിനക്ക് വിശദീകരിച്ചു തരുന്ന ഈ വിഷയസംബന്ധിയായ വന്നിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണിത്. അതിനാൽ നിനക്ക് ഇല്മിൻ്റെ മൂല്യത്തെ കുറിച്ചും അതിൻ്റെ ശ്രേഷ്ഠതകളെയും, മര്യാദകളെയും കുറിച്ചും പഠിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ഗ്രന്ഥം നോക്കുക.

രണ്ടാമത്, അല്ലാമാ അൽ-നവവി(رحمه الله)യുടെ – സുഹ്ദിനെയും, ഹൃദയത്തെ നൈര്മല്യപ്പെടുത്തുന്ന വിഷയ സംബന്ധിയായ ആയത്തുകളും, ഹദീഥുകളും, പണ്ഡിത വചനങ്ങളും, പദ്യശകലങ്ങളും മറ്റും ഭംഗിയായി ക്രോഡീകരിച്ചിരിക്കുന്ന “ബുസ്താനുൽ ആരിഫീൻ” എന്ന ഗ്രന്ഥത്തിലാണ് ഇത് വന്നിട്ടുള്ളത്.

ഷെയ്ഖ് ബക്കർ അബു സെയ്ദിൻ്റെ(رحمه الله) “ലത്വാഇഫുൽ കലിം ഫിൽ ഇൽമ്” എന്ന ഗ്രന്ഥത്തിന് ഷെയ്ഖ് അബ്ദുൽ ബാസിത് അൽ-റൈദി (حفظه الله) നൽകിയ വിശദീകരണത്തിൽ നിന്നും.

[1] ഇബ്നുൽ മുൻധിർ, “അൽ-ദുർറുൽ മൻധൂർ”-ഇൽ അൽ-സുയൂഥ്വി എന്നിവർ ഉദ്ധരിച്ചത്

[2] ഖത്തീബ് അൽ ബാഗ്ദാദിയുടെ “അൽ-ജാമി’അ”-യിലും മറ്റും

[3] അബു ഹാതിം അൽ-ബുസ്‌തിയുടെ )റൗദത്തുൽ ഉഖലാഅ വ നുസ്ഹത്തുൽ ഫുദലാഅ, 31)

[4] (താരീഖ് ബഗ്ദാദ്, 195)

[5] (മുഹദ്ദിഥുൽ ഫാസിൽ ബൈന അൽ-റാവീ വൽ വാഈ, 559)

[6] (മുത്തഫഖുൻ അലയ്ഹി, അസ്മാ (رضي الله عنها) ഉദ്ധരിച്ചത്.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s