ചോദ്യം: ഭാര്യയുടെ അടുക്കൽ കളവ് പറയുന്നത് അനുവദനീയമാണോ? പിന്നെ ഭാര്യയുടെ അടുക്കൽ പറയാൻ അനുവദനീയമായ കളവ് ഏതാണ്?
ഉത്തരം: ഭാര്യയോട് കളവ് പറയുന്നതിനെ തൊട്ട് വന്നിട്ടുള്ള ഹദീഥ് “മു’അൽ” (ന്യുനതയുള്ളത്) ആണ്. അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇനി സ്ഥിരീകരിക്കപ്പെട്ടതാണെന്നു വന്നാലും, അതിൽ ഉദ്ദേശിക്കപ്പെടുന്നത് കളവല്ലെന്നും എന്നാൽ അർദ്ധസത്യമോ, ദ്വയാർത്ഥപ്രയോഗമോ (المعراض) ആണെന്നും ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ (رحمه الله) വിശദീകരിച്ചിട്ടുണ്ട്. അതായത് സാധാരണ നിലയിൽ അറിയപ്പെടുന്ന കളവല്ല ഇവിടെ ഉദ്ധേശമെന്നും എന്നാൽ അർദ്ധസത്യമാണ് ഉദ്ധേശമെന്നും ശൈഖുൽ ഇസ്ലാം ‘മജ്മൂഅ ഫതാവ’യിൽ വിശദീകരിച്ചിട്ടുണ്ട്.
ഒന്നാമതായി, സഹീഹ് മുസ്ലിമിൽ ഉമ്മ് കുൽസൂം (رضي الله عنها) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീഥിൽ നബി (صلى الله عليه و سلم) പറഞ്ഞു: “കളവ് പറയുന്നവനല്ല ജനങ്ങൾക്കിടയിൽ പ്രശ്ന പരിഹാരത്തിനായി നന്മയുണർത്തുന്നവൻ.”
അതായത് അവൻ അവർക്കിടയിൽ ഈ നന്മയുണർത്തുന്നു. ഇനിയൊരുവൻ എന്തെങ്കിലും നിലക്കൊരു നന്മ രണ്ടാമനെ തൊട്ട് പറഞ്ഞാൽ അത് മുതലെടുത്തു ഇന്നയാൾ നിന്നെക്കുറിച്ചു നല്ലത് പറഞ്ഞിരിക്കുന്നു എന്ന് നീ പറയുന്നു. അല്ലെങ്കിൽ നിന്നെ തൊട്ട് നന്മ പറഞ്ഞിരിക്കുന്നു എന്നോ നിനക്ക് വേണ്ടി ദുഅ ചെയ്തിരിക്കുന്നുവെന്നോ നീ പറയുന്നു. എന്നാൽ നീ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് അവൻ പൊതുവിൽ മുസ്ലിമീങ്ങൾക്കായി അല്ലാഹുവിന്റെയടുക്കൽ മഗ്ഫിറത് തേടിയതാണ്. കാരണം അവന്റെ ആ പ്രാർത്ഥനയിൽ അവനുമായി വഴക്കിട്ട അവന്റെ ഈ സഹോദരനും ഉൾപ്പെടുന്നുണ്ട്. അല്ലെങ്കിൽ നീ ഉദ്ദേശിക്കുന്നത് അവൻ നമസ്കാരത്തിലെ തഷഹ്ഹുദിൽ അല്ലാഹുവിന്റെ സ്വാലിഹീങ്ങളായ അടിമകൾക്ക് വേണ്ടി പൊതുവായി ചെയ്ത ദുഅ ആയിരിക്കാം. ഇത് ‘മിഅറാദി’ന്റെ നല്ലയിനങ്ങളിൽ പെട്ടതാണ്. അതല്ലെങ്കിൽ ഖത്തീബ് വിശ്വാസികളുടെയെല്ലാം മഗ്ഫിറത്തിനായും മുസ്ലിമീങ്ങളുടെ അവസ്ഥകൾ നേരെയാക്കുവാനായും പ്രാർത്ഥിച്ചതിനു അമീൻ പറഞ്ഞതായിരിക്കാം, അമീൻ പറയൽ ദുആയിൽ പെട്ടതാണ്. അങ്ങിനെ ‘മിഅറാദി’നായ് പ്രയോജനപ്പെടുത്താവുന്ന ഇത്തരം കാര്യങ്ങൾ ഏറെയാണ്. ഇതാണ് ശൈഖുൽ ഇസ്ലാം വിശദീകരിച്ചിട്ടുള്ളത്.
ഇനി ഇതിൽ അധികരിക്കപ്പെട്ടതായി വന്നിട്ടുള്ള, “മൂന്ന് കാര്യങ്ങളിലൊഴികെ എന്തിലെങ്കിലും ഉപേക്ഷ നൽകിയിരുന്നതായി ഞാൻ കേട്ടിട്ടില്ല, അത് യുദ്ധത്തിലും, ജനങ്ങൾക്കിടയിലെ ഒത്തുതീർപ്പിലും, ഭർത്താവിന്റെ ഭാര്യയോടും ഭാര്യയുടെ ഭർത്താവിനോടുമുള്ള സംസാരത്തിലുമാണ്” എന്ന വാചകം ഇബ്നു ശിഹാബ് അൽ-സുഹ്രിയിൽ നിന്നുമുള്ള ‘മുദ്രജ്’ (നബിയുടെ വാക്കുകളല്ലാതെ ഹദീഥിന്റെ വിശദീകരണമോ മറ്റോ ആയി റാവി-മാരുടേതായ കൂട്ടിച്ചേർക്കൽ) ആണ്.
ഇനി ഈ ചേർക്കപ്പെട്ട വാചകം എടുക്കുകയാണെങ്കിൽ തന്നെയും നിന്റെ ഭാര്യക്ക് നിന്നോട് കളവ് പറയുവാൻ അനുവദിച്ചു കൊടുക്കുകയും പിന്നെ അവരും നീയും കളവുകൾ പറയുന്ന അവസ്ഥയുമായാൽ ജീവിതത്തിൽ സ്വസ്ഥതയോ വിശ്വാസ്യതയോ ഉണ്ടാകുകയില്ല. അതിനാൽ ഈയൊരു കൂട്ടിച്ചേർക്കലിൽ യഥാർത്ഥത്തിൽ ഒരു ദുർബലതയുണ്ട്. എന്നിരിക്കെത്തന്നെ ഇത് ഹസൻ ആണ് എന്ന് പറയുന്നവരുടെ അഭിപ്രായപ്രകാരവും ഇതിന്റെ അടിസ്ഥാനം ശൈഖുൽ ഇസ്ലാം വിശദീകരിച്ചത് പോലെ അർദ്ധസത്യമോ, ദ്വയാർത്ഥപ്രയോഗമോ ആണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. അതിനാൽ കബളിപ്പോ, ചതിയോ, വിശ്വാസ വഞ്ചനയോ അടങ്ങാത്ത ശർ’ഇൽ വന്ന പ്രകാരമുള്ള ‘മിഅറാദ്’ ആണ് ഉദ്ദേശം. അല്ലാഹുൽ മുസ്തആൻ!
ശൈഖ് മുഹമ്മദ് ഇബ്നു ഹിസാം (حفظه الله)-യുടെ ഫത്വകളിൽ നിന്നും