ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്.
- അതിൽ ഏറ്റവും അറിവില്ലാത്തവരും, പിഴച്ചവരും, നിഷേധികളുമായവർ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണ്. അവർ ലോകത്തു കുറവാണ്. ഇനിയതിൽത്തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവർ മിക്കവാറും അങ്ങിനെ ചെയ്യുന്നത് തൽബീസിനും, അവരെ പിഴപ്പിക്കുവാനും, ധിക്കാരം മൂലവുമാണ്.
ഫിർഔൻ പറഞ്ഞത് പോലെയാണത്,
“قالَ فِرعَونُ وَما رَبُّ العالَمينَ”
“എന്താണീ റബ്ബുൽ ആലമീൻ?” (അൽ–ശുഅറാ: 23)
പിന്നീട് ഫിർഔൻ പറഞ്ഞു,
“وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى”
“ഞാനല്ലാതെ യാതൊരു ആരാധ്യനും നിങ്ങൾക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല.” (അൽ–ഖസസ്: 38)
“فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ”
“അങ്ങനെ ഫിർഔൻ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു.” (അൽ–സുഖ്റൂഫ്: 54)
ഇതാണ് തൽബീസ്. അറിഞ്ഞു കൊണ്ടു തന്നെ ആ ഖൗമിനെ വഞ്ചിക്കുകയും പിഴപ്പിക്കുകയും ചെയ്തു. എന്നിട്ടു മുസ (عليه السلام) ഫിർഔൻ-ന്റെയടുത്തു പറഞ്ഞതിനെ കുറിച്ച് അല്ലാഹു പറഞ്ഞു,
“قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ “
“കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് തന്നെയാണ് എന്ന് തീർച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്.” (അൽ–ഇസ്രാഅ:102)
അല്ലാഹു പറഞ്ഞിരിക്കുന്നു,
“وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُفْسِدِينَ”
“അവയെപ്പറ്റി അവരുടെ മനസ്സുകള്ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക.” (അൽ–നംല്: 14)
എന്നിട്ടു രിസാലത്തിനെ നിഷേധിച്ചവരെക്കുറിച്ചു അല്ലാഹു പറയുന്നു,
” فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ”
“എന്നാൽ (യഥാർത്ഥത്തിൽ) നിന്നെയല്ല അവർ നിഷേധിച്ചു തള്ളുന്നത്, എന്നാൽ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികൾ നിഷേധിക്കുന്നത്.” (അൽ–അൻആം:33)
- മറ്റു ചിലരാകട്ടെ അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും യുക്തിയും ജന്മവാസനയും മതവിധിയും തെളിയിച്ച നേരായ മാർഗ്ഗത്തിൽ വിശ്വസിക്കുന്നവരല്ല. തത്വചിന്ത അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ട്. അവർ അവന് “പ്രഥമഹേതു”(first cause) എന്നാണ് പേരു നൽകിയിരിക്കുന്നത്. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ യുക്തിക്കും ജന്മവാസനക്കും റസൂലുമാർ (عليهم السلام) കൊണ്ടുവന്നതിനും വിരുദ്ധമാണ്.
- മറ്റു ചിലർ അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. അവർ അല്ലാഹുവിന്റെ റുബൂബിയ്യത്തിലും അവന്റെ സിഫാത്തുകളിലും പൊതുവിൽ വിശ്വസിക്കുന്നുണ്ട്. എന്നാൽ അവർ അവനോടൊപ്പം മറ്റുപലതിനെയും ആരാധിക്കുന്നുണ്ട്. ഇതാണ് ജനങ്ങളിൽ മിക്കവാറുമുള്ളത്. അങ്ങിനെ അവർ അല്ലാഹുവിനു പുറമെ മറ്റുള്ളവയെ ആരാധിക്കുന്നതു വഴി ഇബാദത് സംബന്ധമായ തൗഹീദിൽ (ഉലൂഹിയ്യത്തിൽ) വ്യതിചലിച്ചവരാകുന്നു.
- എന്നാൽ നബിമാരും(عليهم السلام) അവരുടെ മാർഗ്ഗം പിൻപറ്റിയവരും ഇത്തരം അബദ്ധപരമായ മാർഗ്ഗങ്ങളിൽ നിന്നും മുക്തരാണ്. അതിനാൽ അവർ അല്ലാഹുവിൽ വിശ്വസിക്കുന്നത് സമ്പൂർണ്ണമായൊരു വിശ്വാസത്താലാണ്. അവർ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവന്റെ ഏകത നിലനിർത്തുന്നു. ആരാധന അവനു മാത്രമായി ശുദ്ധപ്പെടുത്തുന്നു. അവനുപുറമെ ആരാധിക്കപ്പെടുന്നവയിലെല്ലാം അവർ അവിശ്വസിക്കുകയും ചെയ്യുന്നു.
(ഷെയ്ഖ് അബ്ദുർറഹ്മാൻ ഇബ്നു നാസിർ അൽ–ബർറാക്കിന്റെ താ‘അലീഖ് ആലൽ ഖവാ‘ഇദ് അൽ–മുസ്ലാ 14-15)