അഖീദ, ഫിഖ്ഹ്, നഹു, മുസ്തലഹ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യത നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്താണ്?
ഉത്തരം: ആദ്യമായി, ഏറ്റവും മികച്ച മാർഗം നിങ്ങള്ക്ക് ആ വിഷയത്തിൽ ഗുണകരമാകുന്ന ഒരു മുദര്രിസ്സിൽ നിന്നും നേരിട്ട് പഠിക്കുക എന്നതാണ്. ഒരു ദർസിൽ നിന്നും അതിലെടുത്തത് മനസ്സിലാകാതെ പുറത്തു വരികയുമരുത്. ഇനി ആ ദർസ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ അത് മനസ്സിലാകുന്നത് വരേയ്ക്കും നിങ്ങൾ മുദര്രിസിനോട് ചോദിക്കുക. അത് പോലെ തന്നെ മറ്റു സഹോദരങ്ങളോടൊത്തു ആ ദർസ് മുറാജഅ ചെയ്യുക. ആദ്യത്തെ ദർസ് മനസ്സിലാക്കാതെ നിങ്ങൾ അടുത്ത ദർസിലേക്കു പോകരുത്. അത് പോലെ അവനു സാധിക്കുകയെങ്കിൽ തെളിവുകളും മനഃപാഠമാക്കണം. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവുകളും, അതോടു ബന്ധപ്പെട്ടുള്ള അടിക്കുറിപ്പുകളോ വിഷയങ്ങളോ ഉണ്ടെങ്കിൽ അതും തെളിവുകൾ സഹിതം മനഃപാഠമാക്കണം. അതിന് ശേഷം അവൻ ആ ദർസ് മുറാജഅ ചെയ്യുക. ഉദാഹരണത്തിന്, അവൻ പുതിയ ഒരു ദർസിനു പോകുന്നതിനു മുൻപ് അതിനു മുൻപെടുത്തത് മുറാജഅ ചെയ്യുക. ആദ്യത്തെ ദർസ് മുറാജഅ ചെയ്യാതെ അവൻ പുതിയ ഒരു ദർസിന് പോകരുത്. അതിലുള്ള ഫാഇദകളും മുറാജഅ ചെയ്യുക. അങ്ങിനെ ആഴ്ചയുടെ അവസാനം ആ ആഴ്ചയെടുത്തത് മുഴുവനും ഒന്ന് ആവർത്തിക്കുക. അതോടൊപ്പം അതിലടങ്ങിയിരുന്ന തെളിവുകളും മനഃപാഠമാകുക.
മനഃപാഠമാക്കികൊണ്ടിരിക്കുന്ന ഹദീഥുകളും മത്നുകളും മുറാജഅ ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്താണ്?
ഉത്തരം: അതിനും ഇതേ രീതി തന്നെയാണ്. ആദ്യം ഒരു സഹപാഠിയെ കൂടെ കൂട്ടി മനഃപാഠമാക്കേണ്ടത് മനഃപാഠമാകും വരെ ആവർത്തിക്കുക. ആദ്യത്തെ ഹദീഥ് മനസ്സിൽ ദൃഢമാകുന്ന വരെ രണ്ടാമതൊരു ഹദീഥ് തുടങ്ങരുത്. സ്വയം പ്രയാസപ്പെടുത്തുകയുമരുത്. നിങ്ങളുടെ കഴിവിനും പരിധിക്കുമൊത്തു പഠിക്കുക. അത് കൊണ്ട് രണ്ടോ മൂന്നോ ഹദീഥുകൾ ആണ് നിങ്ങളുടെ കഴിവിലൊതുങ്ങുന്നതെങ്കിൽ പിന്നെ അഞ്ചോ പത്തോ എടുത്തു സ്വയം പ്രയാസപ്പെടേണ്ടതില്ല. നിങ്ങളുടെ കഴിവിലൊതുങ്ങുന്നതിൽ പരിപൂർണ്ണത നേടുന്നതിന് പ്രാധാന്യം നൽകുക. കാരണം കൃത്യതയോടെ ദിവസവും ഒന്നോ രണ്ടോ ഹദീഥ് മനഃപാഠമാക്കുന്നതാണ് കൃത്യതയില്ലാതെ അഞ്ചോളം പഠിക്കുന്നതിനേക്കാൾ നല്ലത്. അത് കൊണ്ട് കൃത്യത നേടുന്നതിന് പ്രാധാന്യം നൽകുക. അതു പോലെ അടുത്തതിലേക്ക് പോകുന്നതിനു മുൻപ് ഇപ്പോഴുള്ളതിൽ കൃത്യത നേടുന്നതിന് പ്രാധാന്യം നൽകുക. എന്നിട്ടത് നിന്റെ സഹപാഠിക്ക് ഓതി കേൾപ്പിക്കുക എന്നിട്ടു ആവർത്തിക്കുകയും മുറാജഅ ചെയ്യുകയും വേണം. അങ്ങിനെ രണ്ടാം ദിവസവും ചെയ്യുക. പിന്നെ മൂന്നാം ദിവസം അതു പോലെ ചെയ്ത് നിങ്ങൾ ആദ്യ ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും ചെയ്തതെല്ലാം ആവർത്തിക്കുക. അങ്ങിനെ നാലാം ദിവസവും അഞ്ചാം ദിവസവും ആദ്യം മുതൽ ആവർത്തിച്ചു വന്നാൽ إن شاء الله നിങ്ങൾ അവയിൽ പരിപൂർണ്ണത നേടുവാനുള്ള മാർഗം വേണ്ടുവോളം തേടിയിരിക്കും. പിന്നീട് ആഴ്ച്ചാവസാനം വീണ്ടും ആ ആഴ്ചയിലേതു ആവർത്തിക്കുക അത് പോലെ മാസത്തിന്റെ മധ്യത്തിൽ ആദ്യം മുതൽ ആവർത്തിക്കുക. പിന്നെ ഒരു മാസം കഴിയുമ്പോൾ ആദ്യം മുതൽ ആവർത്തിക്കുക.